പട്യാല: പലചരക്ക് കടയിൽ നിന്ന് വാങ്ങിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛർദിച്ചു. പോലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയിൽ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നൽകിയത്.
ലുധിയാന സ്വദേശിയായ ഒന്നര വയസുകാരിയുടെ കുടുംബം ബന്ധു വീട്ടിൽ നിന്ന് തിരികെ വരുമ്പോഴാണ് ബന്ധു ചോക്ലേറ്റ് വാങ്ങി കുട്ടിക്ക് നൽകിയത്. ഒരു പെട്ടി ചോക്ലേറ്റുകളാണ് കുട്ടിക്ക് ബന്ധു വാങ്ങി നൽകിയത്. വീട്ടിൽ എത്തിയ കുട്ടി അവ കഴിക്കുകയും തുടർന്ന് വായിൽ നിന്ന് രക്തം വരുകയുമായിരുന്നു. കുട്ടിയെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ വിഷ പദാർത്ഥം കുട്ടിയുടെ ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിലും സംസ്ഥാന ആരോഗ്യ വകുപ്പിലും പരാതി നൽകി. പരാതിക്കാരിയോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പലചരക്ക് കടയിലെത്തി സാമ്പിളുകൾ ശേഖരിച്ചു. കടയിൽ കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ വിറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കടയിൽ നിന്ന് കാലാവധി കഴിഞ്ഞ മറ്റു പലഹാരങ്ങളും പിടിച്ചെടുത്തു. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.
Be the first to comment