ഒരു ബിസ്ക്കറ്റ് കുറഞ്ഞു; സൺഫീസ്റ്റിന് ഒരു ലക്ഷം രൂപ പിഴ

ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഐടിസിയുടെ സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്ക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിന്റെ പരാതിയിലാണ് തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്.

2021 ഡിസംബറിൽ നൽകിയ പരാതിയിലാണ് ചെന്നൈയിലെ ഉപഭോക്തൃ കോടതി തീർപ്പുകൽപ്പിച്ചത്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനാണ് ദില്ലിബാബു മണാലിയിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് രണ്ട് പാക്കറ്റ് സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് വാങ്ങിയത്. കവറിന് പുറത്ത് പാക്കറ്റിൽ 16 ബിസ്കറ്റുകളുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും 15 ബിസ്ക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് കടക്കാരനോടും തുടർന്ന് ഐടിസി കമ്പനിയിൽ നേരിട്ട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ ദില്ലിബാബു ഉപഭോക്തൃകോടതിയിൽ പരാതി നൽകുകയായിരുന്നു.

ഒരു ഉത്പന്നം വാങ്ങുന്ന ഉപഭോക്താവ് ഉത്പന്നം വാങ്ങണോ വേണ്ടയോ എന്ന നിശ്ചയിക്കുന്നത് അതിന്റെ റാപ്പറിലോ ലേബലിലോ നൽകിയിരിക്കുന്ന വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്നും പാക്കിങ്ങിൽ നൽകിയിക്കുന്ന വിവരങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു. കമ്പനിക്ക് 100 കോടി പിഴ ചുമത്തണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ഇത് പെരുപ്പിച്ച തുകയാണെന്നും ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് ഇതിൽ പങ്കില്ലാത്തതിനാൽ അയാൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*