‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിജെപി സർക്കാർ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി സർക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി, നിലവിലെ സർക്കാർ കാലയളവ് അവസാനിക്കും മുൻപുതന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ലോക്സഭാ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിനായി രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഒരേസമയം വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റി 2024 മാർച്ചിൽ അനുകൂല റിപ്പോർട്ട് നൽകിയിരുന്നു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു ഉന്നതതല സമിതിയുടെ നിർദേശം. തുടർന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. മൂന്നാം മോദി സർക്കാർ അധികാരമേറ്റ് നൂറുദിവസം തികയുന്നതിന് തൊട്ടുമുൻപാണ് ബിൽ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*