‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയം പരിശോധിക്കാനായി രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23ന് ചേരും. സമിതിയുടെ അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിയമവിദഗ്ധന്‍ ഹരീഷ് സാല്‍വേ, സെന്‍ട്രല്‍ വിജിലന്‍സ് മുന്‍ കമ്മീഷന്‍ സഞ്ജയ് കോതാരി, ഫിനാന്‍സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
നിയമകാര്യ സെക്രട്ടറി നിതെന്‍ ചന്ദ്രയായിരിക്കും സമിതിയുടെ സെക്രട്ടറി. യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളുമുണ്ടാകും. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജനപ്രാതിനിത്യ നിയമത്തിലും മറ്റ് നിയമത്തിലും എന്തെങ്കിലും ഭേദഗതികള്‍ വരുത്തണോയെന്ന് സമിതി പരിശോധിക്കും. ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോയെന്നും സമിതി അന്വേഷിക്കും. തൂക്കു സഭ, അവിശ്വാസ പ്രമേയം അംഗീകരിക്കല്‍, കൂറുമാറ്റം, ഒരേ സമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന സാഹചര്യത്തിലുണ്ടാകുന്ന മറ്റ് തടസങ്ങള്‍ എന്നിവയെക്കുറിച്ചും സമിതി വിലയിരുത്തുന്നതായിരിക്കും.
സെപ്റ്റംബര്‍ രണ്ടിനാണ് ലോക്‌സഭ, നിയമസഭകള്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തി ശുപാര്‍ശകള്‍ നല്‍കാന്‍ എട്ടംഗ കമ്മിറ്റിയെ കേന്ദ്രം നിയമിച്ചത്. രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുകയാണ്. 2024 മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കം.
Be the first to comment