പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു ; ലോകത്ത് ആദ്യം,സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 കാരനാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ‘വൈറസിന്റെ ഉറവിടം അജ്ഞാതമാണ്. മെക്‌സിക്കോയിലെ കോഴികളില്‍ എ (എച്ച് 5 എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇന്‍ഫ്‌ലുവന്‍സ എ (എച്ച് 5 എന്‍ 2) വൈറസ് ബാധിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യത്തെ മനുഷ്യ കേസും മെക്‌സിക്കോയിലെ ഒരു വ്യക്തിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ ഏവിയന്‍ എച്ച് 5 വൈറസുമായിരുന്നു ഇത്. 

അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മെക്‌സിക്കോ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മരിച്ചയാള്‍ കോഴികളുമായോ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഇയാള്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മൂന്നാഴ്ചയോളം കിടപ്പിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഫാമുകളിലും മറ്റും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകര്‍ന്നുവെന്നത് അജ്ഞാതമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദമായ H5N1 അമേരിക്കയില്‍ പടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കറവപ്പശുക്കളിലാണ് രോഗം പടരുന്നത്. മനുഷ്യനിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നും കന്നുകാലികളില്‍ നിന്നാണ് അണുബാധ പകരുന്നതെന്നും അധികൃതര്‍ അറിയിച്ചു. വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ആളുകള്‍ക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*