
പുരുഷന്‍മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. കണക്കുകള്‍ കാണിക്കുന്നത് എട്ട് പുരുഷന്മാരെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിക്കാമെന്നാണ്. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിലാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 60ശതമാനം കേസുകളും 65 വയസും അതില്‍ കൂടുതലുമുള്ളവരിലാണ് കാണുന്നത്. പുതിയ പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളുടെ എണ്ണം 2020-ല്‍ 14 ലക്ഷത്തില്‍ നിന്ന് 2040-ഓടെ 29 ലക്ഷമായി ഉയരുമെന്ന് കണക്കാക്കുന്നു.
നേരത്തെയുള്ള കണ്ടെത്തലും ശരിയായ ചികിത്സയുംവഴി പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളുടെ ആയുസ് നീട്ടിയെടുക്കാം. ഏകദേശം 80-85ശതമാനം പ്രോസ്റ്റേറ്റ് കാന്‍സറുകളും I, II, III ഘട്ടങ്ങളില്‍ കണ്ടുപിടിക്കപ്പെടുന്നു. ഈ ഘട്ടങ്ങളില്‍ രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്ത പല പുരുഷന്മാരും രോഗനിര്‍ണയം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം രോഗവിമുക്തരായി തുടരുന്നു. 15 വര്‍ഷത്തെ അതിജീവന നിരക്ക് ഏകദേശം 95ശതമാനം ആണ്.
പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളില്‍ 5-10ശതമാനംവരെ പാരമ്പര്യമാണ്. മെഡിക്കല്‍ ഗവേഷണത്തിലെ സമീപകാല മുന്നേറ്റങ്ങള്‍ ജനിതകശാസ്ത്രത്തിന്റെ പ്രധാന പങ്ക് എടുത്തുകാണിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച പിതാവോ സഹോദരനോ ഉള്ള പുരുഷന്മാര്‍ക്ക് രോഗം വരാനുള്ള സാധ്യത ഇരട്ടിയിലധികം കൂടുതലാണ്. സമീപ വര്‍ഷങ്ങളില്‍, രോഗം മനസ്സിലാക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാര്‍ഗമായി ജനിതക പരിശോധന ഉയര്‍ന്നുവന്നിട്ടുണ്ട്, അപകടസാധ്യതയുള്ളവര്‍ക്ക് പുതിയ പ്രതീക്ഷയും മെച്ചപ്പെട്ട ഫലങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.
സംവേദനക്ഷമത വര്‍ധിപ്പിക്കുന്ന ജീനുകളിലെ മ്യൂട്ടേഷനുകള്‍ തിരിച്ചറിയുന്നതിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യത മനസിലാക്കാം. നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി ഒരു വ്യക്തിഗത പ്ലാന്‍ വികസിപ്പിക്കുന്നതിന് ഈ വിവരങ്ങള്‍ രോഗിക്കും ആരോഗ്യ പരിരക്ഷാ ദാതാവിനും ഉപയോഗപ്രദമാകും. ഉദാഹരണത്തിന്, ഡെസിഫര്‍ എന്നറിയപ്പെടുന്ന ജീനോമിക് ടെസ്റ്റ് 22 ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുകയും പ്രോസ്റ്റേറ്റ് ട്യൂമര്‍ മറ്റ് അവയവങ്ങളിലേക്ക് പടരാനുള്ള സാധ്യത നിര്‍ണയിക്കുകയും ചെയ്യും.
ജനിതക പരിശോധനയുടെ ചില ഗുണങ്ങള്‍:
അപകടസാധ്യത വിലയിരുത്തല്‍ : ജനിതക പരിശോധന റിസ്‌ക് ലെവലുകളെക്കുറിച്ചുള്ള വിശദമായ ധാരണ നല്‍കുന്നു. അത് രോഗനിര്‍ണയം എപ്പോഴൊക്കെ ആവശ്യമാണെന്ന് അറിയാന്‍ സഹായിക്കും.
മുന്‍കൂട്ടി അറിയാം: ജനിതക അപകടസാധ്യതകള്‍ അറിയുന്നത് കുടുംബാംഗങ്ങള്‍ക്കും ഗുണം ചെയ്യും. സജീവമായ നടപടികള്‍ സ്വീകരിക്കാന്‍ ഇത് അവരെ സഹായിക്കും.
പ്രതിരോധം : ജനിതക അപകടസാധ്യതയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഉപയോഗിച്ച്, പ്രതിരോധ നടപടികള്‍, ജീവിതശൈലി മാറ്റങ്ങള്‍, സാധ്യതയുള്ള ചികിത്സകള്‍ എന്നിവയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.
Be the first to comment