കാറിന് മുകളിലേക്ക് മരം വീണ് അപകടം; ഒരാള്‍ മരിച്ചു, ഗർഭിണിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

എറണാകുളം: കനത്ത മഴയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ്(61) ആണ് മരിച്ചത്. കാർ യാത്രക്കാരായ മറ്റ് മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് (ജൂൺ 24) വൈകിട്ടാണ് സംഭവം നടന്നത്.

ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി, മകൻ ജോബി ജോൺ, ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവരടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഒരു ഗർഭിണിയും ഉണ്ടായിരുന്നു. ഇവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവരെയും കാർ വെട്ടി പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു. കാറിന് പുറകില്‍ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിനും സമീപത്തെ കടക്ക് മുകളിലേക്കും മരത്തിന്‍റെ ചില്ലകള്‍ ചെന്നടിച്ചു. അടിമാലി ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇരമല്ലൂർ വില്ലേജ് ചെറുവട്ടൂർ ഭാഗത്തും വീടിന് മുകളിൽ മരം വീണ് അപകടമുണ്ടായി. കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജിൽ എംസി റേഡിൽ പുല്ലുവഴി മില്ലും പടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അതേസമയം ജില്ലയിലെ മറ്റ് താലൂക്കുകളിൽ അപകടങ്ങൾ ഇതുവരെ റിപ്പോ൪ട്ട് ചെയ്‌തിട്ടില്ല. എല്ലാ താലൂക്കുകളിലും ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ജില്ലയിൽ 25, 26 തീയതികളിൽ യെല്ലോ അല൪ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*