കുടിശിക കാർക്ക് ആശ്വാസം; സഹകരണ ബാങ്കുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ “നവകേരളീയം ”പദ്ധതി ഫെബ്രുവരി 1മുതൽ മാർച്ച് 31 വരെ

കോട്ടയം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ പദ്ധതിയിൽപ്പെടുത്തി ഇളവുകളൊടെ തീർപ്പാക്കാൻ കഴിയും. കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്കുവേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022 സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമാണ് തുക ഇടാക്കുക.

കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തുകകൾ അടച്ചു വരുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.  സംഘത്തിൻ്റെ ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.

കേരളബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*