ഓണ്‍ലൈന്‍ സേവനം നവീകരിച്ച് എംവിഡി

തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ എഫ്സിഎഫ് എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്) സംവിധാനവുമായി സംയോജിപ്പിച്ചു.

ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചത്. ഗതാഗത കമ്മീഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് എംവിഡി ജനപ്രിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സേസേവനങ്ങളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല. എന്നാല്‍, എഫ്സിഎഫ് എസ് സംവിധാനം കൊണ്ടുവന്നതിലൂടെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന മാനദണ്ഡം നിലവില്‍ വന്നു.

ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ജനന തീയതി എന്നിവ മാറ്റുകയും തിരുത്തുകയും ചെയ്യുക, കണ്ടക്റ്റര്‍ ലൈസന്‍സ് പുതുക്കല്‍, ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍ തുടങ്ങിയ സേവനങ്ങളാണ് ഇപ്പോള്‍ എഫ്എസ്എഫ്സി സംവിധാനവുമായി സംയോജിപ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജനപ്രിയ നടപടികള്‍ ആവിഷ്‌ക്കരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*