70-ാമത് നെഹ്‌റു ട്രോഫിയില്‍ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; അറിയാം പ്രമുഖ ചുണ്ടൻ വള്ളങ്ങളെയും ക്ലബ്ബുകളെയും

70-ാമത് നെഹ്‌റു ട്രോഫിയില്‍ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പുതിയ ജലചക്രവർത്തിയുടെ കിരീടധാരണത്തിന് പുന്നമടക്കായൽ കാത്തിരിക്കുകയാണ്. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് മാറ്റുരയ്ക്കുന്നത്. അറിയാം പ്രമുഖ ചുണ്ടൻ വള്ളങ്ങളെയും ക്ലബ്ബുകളെയും.

യുബിസി കൈനകരി(UBC)-തലവടി ചുണ്ടൻ

12 നെഹ്റു ട്രോഫികളുമായി ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി വിജയങ്ങളുള്ള ടീമാണ് യുബിസി. ശക്ത‌മായ ആരാധകവൃന്ദമുണ്ടെങ്കിലും സമീപ വർഷങ്ങളിൽ നെഹ്റു ട്രോഫി നേടാനായില്ലെന്ന പരാതി തീർക്കാനാണ് ഇത്തവണത്തെ വരവ്. 1963, 64, 65 വർഷങ്ങളിലും 1989, 90, 91 വർഷങ്ങളിലുമായി രണ്ടു ഹാട്രിക്കുകളും ക്ലബ് നേടിയിട്ടുണ്ട്. 1968, 70, 76, 79, 93, 2014 വർഷങ്ങളിലും വിജയികളായി.

സിബിഎൽ മൂന്നാം സീസണിൽ നാലു മത്സരങ്ങളിൽ വിജയിച്ചു രണ്ടാം സ്ഥാനക്കാരായിരുന്നു. രണ്ടു വർഷം മാത്രം പഴക്കമുള്ള തലവടി ചുണ്ടനിലാണു ക്ലബ് നെഹ്റു ട്രോഫിക്കെത്തുന്നത്.

കുമരകം ടൗൺ ബോട്ട് ക്ലബ്(KTBC)-നടുഭാഗം

1971ൽ രൂപീകരിച്ച ക്ലബ് പലപ്പോഴും കുമരകത്തിന്റെ വീറുമായെത്തി പുന്നമടയെ പുളകം കൊള്ളിച്ചിട്ടുണ്ട്. 2004, 05, 06, 07 എന്നീ വർഷങ്ങളിൽ 4 തുടർ വിജയങ്ങൾ ഉൾപ്പെടെ ആകെ 6 നെഹ്റു ട്രോഫിയുണ്ട്. 1999, 2010 എന്നീ വർഷങ്ങളിലും നെഹ്റു ട്രോഫി നേടി. കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്‌ഥാനത്താണു ഫിനിഷ് ചെയ്തതത്‌. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ഫൈനലിലെത്തിയ ചുണ്ടനായ നടുഭാഗം ചുണ്ടനിലാണു ടീം മത്സരിക്കുന്നത്. നടുഭാഗം നെഹ്റു ട്രോഫിയിൽ 2022ൽ രണ്ടാം സ്ഥാനവും 2023ൽ മൂന്നാം സ്‌ഥാനവും നേടി.

പുന്നമട ബോട്ട് ക്ലബ്-ചമ്പക്കുളം

2006ൽ രൂപീകരിച്ച ക്ലബ് ആദ്യം വെപ്പു വള്ളങ്ങളിലാണു തുഴഞ്ഞിരുന്നത്. നെഹ്റു ട്രോഫിയിൽ 2008, 09, 10ൽ വെപ്പ് എ ഗ്രേഡ് വള്ളത്തിൽ ഹാട്രിക് നേടി. 2022ൽ വീയപുരം ചുണ്ടനിൽ നാലാം സ്ഥാനം നേടി. സിബിഎൽ മൂന്നു സീസണുകളിലും പങ്കെടുത്തിട്ടുണ്ട്. രണ്ടു ഹാട്രിക്കുകൾ ഉൾപ്പെടെ 8 തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള ചമ്പക്കുളം ചുണ്ടനിലാണു ക്ലബ് നെഹ്റു ട്രോഫിക്കെത്തുന്നത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്(PBC)-കാരിച്ചാൽ

നെഹ്റു ട്രോഫി വള്ളംകളിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഒരു ക്ലബ്ബിനും ഇല്ലാത്ത റെക്കോർഡ് ഇടാനാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ എത്തുന്നത്. തുടർച്ചയായ നാല് നെഹ്റു ട്രോഫികളിൽ വിജയിച്ചു നിൽക്കുന്ന ടീം ഇത്തവണയും വിജയിച്ചാൽ തുടർച്ചയായ ചരിത്രമെഴുതും. 2004 മുതൽ 2007വരെ കുമരകം ടൗൺ ബോട്ട് ക്ലബ്ബും തുടർച്ചയായ 4 തവണ ജേതാക്കൾ ആയിരുന്നു. 2018 മുതൽ 2023 വരെയാണ് പിബിസിയുടെ തുടർച്ചയായ കിരീടനേട്ടം. 2020, 21 വർഷങ്ങളിൽ വള്ളംകളി നടന്നില്ല. 1988,1998 വർഷങ്ങളിലും ട്രോഫി നേടി. ആകെ 6 നെഹ്റു ട്രോഫികൾ. ഇതുവരെ നടന്ന മൂന്ന് സിബിഎൽ സീസണുകളിലും ടൈറ്റിൽ വിജയികളാണ്. കരിച്ചാൽ- വള്ളംകളിയുടെ ചരിത്രത്തിനൊപ്പം ഇടംപിടിക്കുന്ന പേരാണ് കാരിച്ചാൽ. 15 നെഹ്റു ട്രോഫികളുമായി ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി എന്ന റെക്കോർഡുമുണ്ട്.

ജീസസ് ബോട്ട് ക്ലബ്(JBC)(ആനാരി വള്ളസമിതി

കളി മാറ്റിയതോടെ സാമ്പത്തിക പ്രതിസന്ധി കാരണം ജീസസ് ബോട്ട് ക്ലബ് പിന്മാറുകയും പകരം അതേ പേരിൽ ആനാരി ചുണ്ടൻവള്ള സമിതിയുടെ നേതൃത്വത്തിൽ മത്സരിക്കുകയാണ്. ആനാരി വള്ളസമിതി ആദ്യമായാണു നെഹ്റു ട്രോഫിയിൽ ക്ലബ്ബായി മത്സരിക്കുന്നത്. 2012ൽ ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞപ്പോൾ നെഹ്റു ട്രോഫിയിൽ രണ്ടാമതെത്തിയതാണു ചുണ്ടന്റെ മികച്ച പ്രകടനം.

ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്(ATBC)-നിരണം പുത്തൻ ചുണ്ടൻ

ഈ വർഷത്തെ ചമ്പക്കുളം മൂലം, കരുമാടി ജലോത്സവങ്ങളിൽ ക്ലബ് വിജയികളായി മികച്ച തുടക്കമിട്ട ക്ലബ് നെഹ്റു ട്രോഫിയിലും അത് ആവർത്തിക്കാനുള്ള പരിശീലനത്തിലാണ്. 1992ലാണ് ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് രൂപീകരിച്ചത്. ഇതുവരെ നാലു തവണ നെഹ്റു ട്രോഫി, 11 തവണ ഫൈനൽ യോഗ്യതയും നേടി. 1994, 95, 96, 2000 വർഷങ്ങളിലാണു നെഹ്റു ട്രോഫി നേടിയത്. 1994ൽ ജെറ്റ് എയർവേയ്‌സ് ബോട്ട് ക്ലബ് എന്ന പേരിലാണു ടീം മത്സരിച്ചത് എന്നതിനാൽ ഹാട്രിക് നഷ്ടമായി.2005 മുതൽ 2007 വരെ ഹാട്രിക് ഉൾപ്പെടെ 4 തവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ പായിപ്പാടൻ ചുണ്ടന്റെ പിൻഗാമിയായി ഈ വർഷം നീരണഞ്ഞ പുത്തൻ ചുണ്ടനിലാണു ടീം നെഹ്റു ട്രോഫിക്കെത്തുന്നത്.

വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി(VBC)-വീയപുരം

പഴയകാല പ്രതാപം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരി. കാരിച്ചാലിൽ 1986,87 വർഷങ്ങളിൽ നെഹ്റുട്രോഫി നേടിയേ ടീം 1988 നു ശേഷം മത്സരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. 2022 മുതലാണ് വീണ്ടും മത്സരം രംഗത്തേക്ക് എത്തിയത്. കഴിഞ്ഞതവണത്തെ നെഹ്റു ട്രോഫിയും സിബിഎൽ കിരീടവും നേടിയ വിയപുരം ചുണ്ടനിലാണ് ടീം തുഴയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*