മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം. മാനവസ്നേഹവും പ്രകൃതിസ്നേഹവും വിളിച്ചോതിയ ഹൃദയസ്പര്‍ശിയായ കവിതകള്‍ മലയാളിയ്ക്ക് സമ്മാനിച്ച കവിയാണ് ഒഎന്‍പി. നിത്യഹരിതങ്ങളായ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി.

ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചുപോകും. അതാണ് എന്റെ കവിത’ – ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒ എന്‍ വി കുറുപ്പ് പറഞ്ഞത് ഇങ്ങനെയാണ്. പുതിയകാലത്തും ആ വരികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

മനുഷ്യനും പ്രകൃതിയും വിപ്ലവവും സമരവും സ്വാതന്ത്ര്യവുമെല്ലാം ഒഎന്‍വിയുടെ കവിതകള്‍ക്ക് പ്രമേയങ്ങളായി. ലോകത്തിലെ സര്‍വ ദുഖങ്ങളും കവി തന്റെ വേദനയായി കണ്ടു. മനുഷ്യന്റെ പ്രവൃത്തികള്‍ പ്രകൃതിക്കേല്‍പിക്കുന്ന മുറിവുകള്‍ കവിഹൃദയത്തെയും മഥിച്ചു. കവിതയും ഗാനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കവിയാണ് ഒ എന്‍ വി. എം എസ് ബാബുരാജ്, എം ബി ശ്രീനിവാസന്‍, കെ രാഘവന്‍, ജി ദേവരാജന്‍, എം കെ അര്‍ജുനന്‍, ബോംബെ രവി, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഒ എന്‍ വി ചേര്‍ന്നപ്പോഴെല്ലാം പിറന്നത് അതീവസുന്ദര ഗാനങ്ങളാണ്. ഒരുവട്ടം കൂടിയെന്‍, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരുദലം മാത്രം തുടങ്ങിയ ഗാനങ്ങളെല്ലാം പ്രണയത്തിന്റേയും വിരഹത്തിന്റേയും ഗൃഹാതുരതയുടേയും അടയാളങ്ങളില്‍ കേള്‍ക്കുന്നവരുടെ മനസില്‍ ആഴത്തില്‍ പതിപ്പിച്ചു. മാറി വരുന്ന അഭിരുചികള്‍ക്കനുസരിച്ച് വരികളുടെ ഭാവവും അര്‍ത്ഥതലങ്ങളും മാറ്റാന്‍ ഒ എന്‍ വിയ്ക്കായി.

Be the first to comment

Leave a Reply

Your email address will not be published.


*