കൂടുതല്‍ കാലം നിയമസഭാംഗമെന്ന റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക്

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്  സ്വന്തം. മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മൻ ചാണ്ടി മറികടന്നത്. 2022 ഓ​ഗസ്റ്റ് 2ന് 18,728 ദിവസം (51 വർഷം മൂന്നേകാൽ മാസം) ഉമ്മൻ ചാണ്ടി നിയമസഭാ അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. 

നാലാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി, 2021 മേയ് മൂന്നിന് രൂപവത്കൃതമായ 15ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് സഭയിലേക്ക് എത്തിയത്. 1970 സെപ്റ്റംബർ 17നാണ് നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു. അതുവരെ പുതുപ്പള്ളി മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടിയെയാണ് പുതുപ്പള്ളി വിജയിപ്പിച്ചത്. നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബർ നാലിനാണ്. തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം വിജയിച്ച് ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് എത്തിയത്. രണ്ടുതവണ മുഖ്യമന്ത്രിയായ (2004–2006, 2011–2016) അദ്ദേഹം നാലു വട്ടം മന്ത്രിയും ഒരുതവണ (2006–2011) പ്രതിപക്ഷ നേതാവുമായി. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977–1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981–1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991–1994) പ്രവർത്തിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*