ഓപ്പറേഷന്‍ ഫോസ്‌കോസ്; സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തും. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.

 

Be the first to comment

Leave a Reply

Your email address will not be published.


*