ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി, രക്തസ്രാവം നിയന്ത്രിക്കാനായെന്ന് ഡോക്ടര്‍

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഴവൂർ പെരുന്താനം കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീര ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണ് പരിശോധിച്ചത്. രക്തസ്രാവം നിയന്ത്രിക്കാനായി എന്ന് ഡോക്ടേഴ്സ് അറിയിച്ചു. ശ്വാസകോശത്തിന് വീക്കം സംഭവിച്ചിട്ടുണ്ട്. ശ്വസനത്തിന് പ്രയാസം നേരിടുന്നതിനാൽ കൃത്രിമ ശ്വാസോച്ഛാസം നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അമൽ പോലീസിനോട് കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര. 

അമൽ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ സ്റ്റാറ്റസ് പുറത്തുവന്നതോടെയാണ് കുടുംബ പ്രശ്നങ്ങളാണ് വെടിവെപ്പിന് പിന്നിലെന്ന് ബോധ്യമായത്. അമൽ റെജിയുടെ മൊബൈൽ ഫോണും ഷിക്കാഗോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ, മീരയുടെ സഹോദരന്മാർ അവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്നുവെന്ന് ആരോപണം ഉണ്ട്. മീരയുടെ ഇരട്ട സഹോദരി മീനു ഷിക്കാഗോയില്‍ തന്നെയാണ് താമസം. മീരയുടെ മാതാപിതാക്കൾ യു കെ യിൽ ആണുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*