കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേകൾ

കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്.

ഇതിനിടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി–സി വോട്ടർ അഭിപ്രായ സർവേ പ്രവചനം നടത്തിയിട്ടുണ്ട് . ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കർണാടകയിൽ ബിജെപിക്കു പ്രതീക്ഷിക്കുന്ന വിജയം കിട്ടില്ലെന്നാണ് സർവേ പറയുന്നത്.

224 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണു പ്രവചനം. ബിജെപിയുടെ പ്രകടനം 74– 86 സീറ്റുകളിൽ ഒതുങ്ങും. ജെഡിഎസിന് 23– 35 സീറ്റ് കിട്ടിയേക്കും. സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും.

അഴിമതിയുടെ കാര്യത്തിലും ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന അഭിപ്രായങ്ങളാണ് സർവേയിൽ പങ്കെടുത്തവർ പങ്കുവെച്ചത്. 51 ശതമാനം പേർ ബിജെപി ഭരണകാലയളവിൽ അഴിമതി വർധിച്ചതായി അഭിപ്രായപ്പെട്ടു. ബിജെപിയെ പിന്തുണക്കുന്നവർ പോലും അഴിമതി പൊടുന്നനെ ഉയർന്നതായി അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, കർണാടകയിൽ കോൺഗ്രസ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. സംവരണ പരിധി 50 ശതമാനത്തിൽനിന്നും 70 ശതമാനമാക്കും എന്നതാണ് പ്രധാനപ്പെട്ട വാഗ്ദാനം. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു. സ്ത്രീകൾക്ക് പൊതു റോഡ് ഗതാഗത മാർഗങ്ങളിൽ സൗജന്യ യാത്ര, സ്ത്രീകൾ നയിക്കുന്ന കുടുംബത്തിൽ 2000 രൂപ വീതം ആ സ്ത്രീക്ക് പ്രതിമാസം നൽകും, തൊഴിൽരഹിതരായ ബിരുദർക്ക് പ്രതിമാസം 3000 രൂപ തുടങ്ങിയവയാണ് മറ്റുള്ള വാഗ്ദാനങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*