
ഹൈദരാബാദ്: ഓപ്പോയുടെ പുതിയ ഫോണായ F29 5G സീരീസ് വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കും. മാർച്ച് 20ന് ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. ഓപ്പോ F29 5G, ഓപ്പോ F29 പ്രോ 5G എന്നിവയാണ് ഈ സീരീസിൽ പുറത്തിറക്കാനിരിക്കുന്ന രണ്ട് ഫോണുകൾ.
ഓപ്പോ എഫ്29 5ജി സീരീസ് മാർച്ച് 20ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. ഈ ഫോണുകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ അടുത്തിടെ ചോർന്നിരുന്നു. അതിനുറമെ വരാനിരിക്കുന്ന ഫോണുകളുടെ പ്രധാന സവിശേഷതകൾ, കളർ ഓപ്ഷനുകൾ, ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനി സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന ഡിസൈനിലായിരിക്കും പുതിയ ഫോൺ പുറത്തിറക്കുകയെന്നും സൂചനയുണ്ട്.
ഫ്ലിപ്‌കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഇ-സ്റ്റോർ എന്നിവ വഴിയാവും ഈ സീരീസിലെ ഫോണുകൾ വിൽപ്പനയ്‌ക്കെത്തുക. ഓപ്പോ എഫ്29 5ജി ബേസിക് മോഡൽ ഗ്ലേസിയർ ബ്ലൂ, സോളിഡ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാവും ലഭ്യമാകുക. അതേസമയം ഗ്രാനൈറ്റ് ബ്ലാക്ക്, മാർബിൾ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാവും പ്രോ വേരിയന്‍റ് ലഭ്യമാകുക.
പ്രതീക്ഷിക്കാവുന്ന സ്‌പെസിഫിക്കേഷനുകൾ: കൂടുതൽ ഈടുനിൽക്കുന്ന തരത്തിലുള്ള ബിൽഡ് ക്വാളിറ്റിയിലാണ് ഈ ഫോണുകൾ വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണുകൾക്ക് 360-ഡിഗ്രി ആർമർ ബോഡിയും മിലിട്ടറി-ഗ്രേഡ് MIL-STD-810H-2022 സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. ലോകത്തിലെ മുൻനിര ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ കമ്പനിയായ എസ്‌ജിഎസ് ഈ ഫോണുകൾ പരിശോധിച്ചതായും പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP66, IP68, IP69 റേറ്റിങ് നൽകിയതായും കമ്പനി അവകാശപ്പെടുന്നു.
സ്പോഞ്ച് ബയോണിക് കുഷ്യനിങ്, റെയ്‌സ്‌ഡ് കോർണർ ഡിസൈൻ കവർ, ലെൻസ് പ്രൊട്ടക്ഷൻ റിങ്, എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ഇന്‍റേണൽ ഫ്രെയിം എന്നിവയുമായാണ് ഫോണുകൾ വരുന്നത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്ന ഫീച്ചർ ഈ ലൈനപ്പിലുണ്ടാകും. കൂടാതെ പ്രോ വേരിയന്‍റിൽ പ്രോ വേരിയന്റിൽ 80 വാട്ട് സൂപ്പർവൂക്ക് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയായിരിക്കും നൽകുക.
7.55 മില്ലീമീറ്റർ സ്ലിം പ്രൊഫൈലിൽ എത്തുന്ന ഫോണുകൾക്ക് 180 ഗ്രാം ആയിരിക്കും ഭാരം. ഈ രണ്ട് ഫോണുകളും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ പ്രവർത്തിക്കുമെന്നും സൂചനയുണ്ട്. LPDDR4X റാമും, UFS 3.1 ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ടുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7300 SoC ഫോണിന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 8GB + 128GB, 8GB + 256GB എന്നീ സ്റ്റോറേജ് വേരിയന്‍റുകളിലാവും ഇന്ത്യയിലെത്തുക.
ടിപ്സ്റ്റർ യോഗേഷ് ബ്രാ പറയുന്നതുസരിച്ച്, ഓപ്പോ F29 പ്രോയിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് FHD+ കർവ്‌ഡ് AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 50 എംപി പ്രൈമറി ക്യാമറയും, 2 എംപി ക്യാമറയും, 16 എംപി ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഈ ലൈനപ്പിന് നൽകുക.
പ്രതീക്ഷിക്കാവുന്ന വില: ഓപ്പോ F29 5Gയുടെ ഇന്ത്യയിലെ വില 25,000 രൂപയിൽ താഴെയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഈ ലൈനപ്പിലെ ഫോണുകളുടെ വില 25,000 മുതൽ 30,000 രൂപ വരെയാകുമെന്നും സൂചനയുണ്ട്.
Be the first to comment