മോദിയോട് എനിക്ക് വെറുപ്പില്ല, ആശയങ്ങളോട് വിയോജിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയോട് സഹതാപം മാത്രമാണുള്ളതെന്നും രാഹുല്‍ പ്രതികരിച്ചു. അമേരിക്കന്‍ സന്ദർശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തില്‍ പല നിമിഷങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നിയിട്ടുണ്ട്. എന്നാല്‍ മോദി എന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, എനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവര്‍ത്തികളില്‍ സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ആർഎസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാള്‍ താഴെയാണെന്നാണ് കരുതുന്നത്. അത് ആർഎസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. തൊഴില്‍ ശക്തിയില്‍ ഇന്ത്യയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ കുറിച്ചോര്‍ത്തുള്ള ഭയം ഇല്ലാതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിൻ്റെ ആദ്യത്തെ യുഎസ് സന്ദർശനമാണിത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികളാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് രാഹുൽ ഗാന്ധി നന്ദി പറയുകയും ചെയ്തിരുന്നു. വിദേശത്ത് എത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യയെ അവഹേളിച്ചെന്ന് ആരോപിച്ച് രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*