
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് വിഡി സതീശൻ. ഒന്നിച്ച് നിന്നാണ് നാടിൻ്റെ ദുരന്തത്തെ പരിഹരിക്കാൻ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. ചെറിയ കുറ്റങ്ങൾക്ക് പുറകെ സൂക്ഷ്മദർശിനിയുമായി തങ്ങൾ പോയില്ല എന്നത് അഭിമാനമായി കരുതുന്നതായി വിഡി സതീശൻ പറഞ്ഞു.
കേന്ദ്രം സഹായിക്കും എന്നാണ് പ്രതീക്ഷിച്ചതെന്നും ഒരു സഹായവും ഉണ്ടായില്ല എന്നത് സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പുനരധിവാസത്തിനായി 20 കോടി രൂപ നൽകുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് ചടങ്ങിൽ വായിച്ചതിൽ സന്തോഷമെന്ന് അദഹേം പറഞ്ഞു. രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകളും ടൗൺഷിപ്പിൽ ഉണ്ടാകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.
കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക. 1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും.
Be the first to comment