എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടാത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂവെന്നും എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല.

ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്ഡി കുമാരസ്വാമി എന്‍ഡിഎ പാളയത്തില്‍ നിന്നും കേന്ദ്ര മന്ത്രിയായത്. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും യുഡിഎഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍ഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സിപിഐഎമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലെസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെഡിഎസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും. കേരളത്തിലും എന്‍ഡിഎ-എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്. അധാര്‍മികമായ രാഷ്ട്രീയ നീക്കത്തെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന-ദേശീയ നേതൃത്വങ്ങളും തയാറാകണം’, വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*