വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റാന്നി: വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃഷി മുഴുവൻ തകർത്തു. വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്നും വി ഡി സതീശൻ ചോദിച്ചു. നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേർക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആൻ്റോ ആൻ്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്.

കേരളത്തിൽ ആന ചവിട്ടിക്കൊന്ന പലർക്കും ഈ പണം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ജനപ്രതിനിധി വീറോടും വാശിയോടും കൂടി പാവപ്പെട്ടവൻ്റെ കൂടെ നിന്നത് കൊണ്ടാണ് ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും സമ്മതിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഏപ്രിൽ ഒന്നിനാണ് തുലാപ്പള്ളി പിആർസി മലയിൽ കാട്ടാനയുടെ ആക്രമത്തിൽ ബിജു കൊല്ലപ്പെട്ടെന്ന വാ‌ർത്ത നാട്ടുകാരെ അറിയിക്കുന്നത്. എന്നാൽ പലരും വിശ്വസിച്ചിരുന്നില്ല. മരണ വാ‌ർത്ത അറിയിക്കാൻ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏപ്രിൽ ഒന്നായതിനാൽ ഏപ്രിൽ ഫൂളാക്കേണ്ട എന്നായിരുന്നു പലരും പ്രതികരിച്ചത്.

ബിജു മരിച്ചുകിടക്കുന്ന ചിത്രം വാട്‌സാപ്പിൽ അയച്ചുകിട്ടിയതോടെയാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയതെന്നും അയൽവാസികൾ പറഞ്ഞു. നാട്ടുകാരെ ഫോണിൽ വിളിക്കാൻ അയൽവാസികള്‍ ശ്രമിച്ചെങ്കിലും പലരും ഫോണെടുത്തുമില്ല. ആരെയും കുറ്റം പറയാനാകില്ലെങ്കിലും വിവരമറിയിച്ചപ്പോൾ വിശ്വസിക്കാതെ വന്നതോടെ വേദനയും സങ്കടവും കൂടിയെന്നാണ് അയൽവാസികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*