മദ്യനയത്തില്‍ മന്ത്രിമാര്‍ പച്ചക്കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ മന്ത്രിമാര്‍ പച്ചക്കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടൂറിസം ഡയറക്ടറുടെ പ്രസ്താവന പുറത്തുവിട്ടത് മന്ത്രിയുടെ ഓഫീസാണ്. എങ്കില്‍ അത് മന്ത്രിയുടെ പേരില്‍ തന്നെ പുറത്തിറക്കിയാല്‍ മതിയായിരുന്നില്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. ടൂറിസം വകുപ്പ് ഇക്കാര്യത്തില്‍ അമിതമായ ഇടപെടല്‍ നടത്തിയെന്നാണ് വ്യക്തമാവുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ മാസം 21 ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗം മദ്യ നയവുമായി ബന്ധപ്പെട്ടതാണെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

അബ്കാരി നയം അവലോകനം ചെയ്യേണ്ട ചുമതല ടൂറിസം വകുപ്പിനാണോ? വിഷയം സൂചിപ്പിച്ചാണ് സൂം യോഗത്തിന്റെ ലിങ്ക് അയച്ചു നല്‍കിയത്. എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്. ടൂറിസം വകുപ്പും മന്ത്രിമാരും ഇതില്‍ അമിതമായി ഇടപെട്ടു. ഒടുവില്‍ ഉദ്യോഗസ്ഥരെകൊണ്ട് നുണ പറയിപ്പിക്കുകയാണ്. ഇതിന്റെ പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്.’ വി ഡി സതീശന്‍ പറഞ്ഞു.

മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. എക്‌സൈസ് വകുപ്പ് നോക്കുകുത്തിയായെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏറ്റവും അപകടകരമായ രീതിയില്‍ അതാണ് ഈ കേസില്‍ നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി വിജയനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

മെയ് 21ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ചയായെന്നും തുടര്‍ന്നാണ് പണപ്പിരിവ് നടന്നതെന്നും കഴിഞ്ഞ ദിവസം വി ഡി സതീശന്‍ ആരോപിച്ചിരുന്നു. കോഴ ആരോപണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം മെയ് 21 ന് വിളിച്ചു ചേര്‍ത്ത യോഗം മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ലെന്ന് ടൂറിസം ഡയറക്ടര്‍ വിശദീകരണം നല്‍കിയിരുന്നു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മെയ് 21 യോഗം ചേര്‍ന്നത്. പതിവ് യോഗം മാത്രമാണ്. മദ്യനയം സര്‍ക്കാരിന് ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും ടൂറിസം വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*