തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിൽ തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമീപമാണ് ന്യൂന മർദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു പടിഞ്ഞാറു വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന അറിയിപ്പിൽ പറയുന്നു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശക്തി പ്രാപിച്ച് ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
കേരളത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Be the first to comment