‘തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട്, കേസ് തള്ളിക്കളയണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തിന് തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസും കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസും നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

നവകേരള യാത്രക്കിടെയാണ് കഴിഞ്ഞ ഡിസംബര്‍ 15 ന് ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചത്. ഗണ്‍മാനും സുരക്ഷാ ജീവനക്കാരനും ലാത്തികൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ കോടതിക്ക് നല്‍കിയിരുന്നു. മര്‍ദ്ദിച്ചിട്ടില്ലെന്നും, പോലീസ് നടത്തിയത് രക്ഷാപ്രവര്‍ത്തനം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

 

Be the first to comment

Leave a Reply

Your email address will not be published.


*