തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ചെന്നൈ: മേലുദ്യോഗസ്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിൻ്റെ ആഘോഷമല്ലെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് ആര്‍ വിജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ ചിഹ്നം പങ്കിടുന്നത് ഒരിക്കലും ക്രൂരമായ കൊലപാതകത്തിൻ്റെ ആഘോഷമായി കണക്കാക്കാനാവില്ല. സന്ദേശം കണ്ടുവെന്നത് സൂചിപ്പിക്കുന്നതായും കണക്കാക്കാമെന്നും കോടതി പറഞ്ഞു.

2018ല്‍ ഒരു കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കൊല്ലപ്പെട്ട സന്ദേശത്തോടാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാന്‍ തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് ചൗഹാനെ മോശം പെരുമാറ്റത്തിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം ഇമോജി ഉപയോഗിച്ച് കൊലപാതകത്തിനുള്ള പിന്തുണയായി കണക്കാക്കി അന്വേഷണത്തിന് ശേഷം സര്‍വീസില്‍ നിന്ന് നീക്കി.

Be the first to comment

Leave a Reply

Your email address will not be published.


*