‘ഇവിടെ പുല്‍ക്കൂട് തകര്‍ക്കും അവിടെ മെത്രാന്മാരെ ആദരിക്കും’ സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷമറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

ക്രൈസ്തവരോടുള്ള സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ്. ഡല്‍ഹിയില്‍ മെത്രാന്‍മാരെ ആദരിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പൊലീത്തയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ മെത്രാനാമാരെ ആദരിക്കുകയും പുല്‍ക്കൂട് വന്ദിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.

ഇന്നലെയാണ് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. ഇന്നലെ തത്തമംഗലത്ത് സ്‌കൂളിലെ പുല്‍ക്കൂട് വിഎച്ച് പി തകര്‍ക്കുകയും ചെയ്തിരുന്നു. സംഘപരിവാര്‍ സമീപനങ്ങളിലെ ഈ വൈരുധ്യം സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകളില്‍ വിയോജിപ്പുണ്ടാക്കിയെന്നതിന്റെ തെളിവാണ് മെത്രാപ്പൊലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. അജ്ഞാതര്‍ തകര്‍ത്ത സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞതിലും തത്തമംഗലത്ത് പുല്‍ക്കൂട് തകര്‍ത്തതിലും പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് ഡിവൈഎഫ്‌ഐയുടെ സൗഹൃദ കാരള്‍ സംഘടിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*