യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം; ആറ് പള്ളികളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി.  പള്ളികളുടെ ഭരണം, ഇന്ന് നിലവിലുള്ളതുപോലെ, അടുത്ത വാദം കേൾക്കൽ തീയതി വരെ നിലനിർത്തണമെന്നും കോടതി നിര്‍ദേശിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനത്തിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

പാലക്കാട്, എറണാകുളം ജില്ലകളിലെ ആറു പള്ളികൾ യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം.

ജസ്റ്റിസുമാരായ സൂര്യകാന്ത് , ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് 2025 ജനുവരി 29, 30 തീയതികളിൽ വിശദമായ വാദം കേൾക്കുന്നതിനായി മാറ്റി. പള്ളി കോമ്പൗണ്ടിലെ സ്‌കൂളുകളും ശ്മശാന സ്ഥലങ്ങളും യാക്കോബായ വിഭാഗക്കാർക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നും കോടതി മലങ്കര വിഭാഗത്തോട് ആവശ്യപ്പെട്ടു.

എത്ര പള്ളികളുടെ അധികാരം ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭകളുടെ കൈവശമുണ്ടെന്നത് സംബന്ധിച്ച കണക്കുകള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. പള്ളികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് , പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് , മഴുവന്നൂർ സെന്റ് തോമസ് , പാലക്കാട് ജില്ലയിലെ മംഗളംഡാം സെന്റ് മേരീസ് എരിക്കിൻചിറ സെന്റ് മേരീസ് , ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികളാണ് ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*