ഓസ്കറിൽ നിന്ന് 2018 പുറത്ത്. മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ രാജ്യത്തിൻ്റെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ന് ഇടം നേടാനായില്ല. 88 സിനിമകളിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്. 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ കഴിഞ്ഞ വർഷം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചെങ്കിലും 2023ലെ ഓസ്കാർ നോമിനേഷൻ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെട്ടതിൽ ആദ്യ അഞ്ചിൽ ഇടം നേടിയ അവസാന ചിത്രം 2001-ൽ അശുതോഷ് ഗോവാരിക്കർ ഒരുക്കിയ ‘ലഗാൻ’ ആയിരുന്നു.
അതേസമയം, 96-ാമത് അക്കാഡമി അവാർഡിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 15 സിനിമകൾ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്ടൈറ്റിലോടെ അക്കാദമിയിൽ പ്രദർശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
ഇങ്ങനെ ‘ഷോർട് ലിസ്റ്റ്’ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നിന്ന് അഞ്ചു ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് 30 പേരടങ്ങുന്ന പ്രത്യേക സമിതിയാണ്. ഈ ചിത്രങ്ങളാണ് ഓസ്കർ നോമിനേഷനായി ‘മികച്ച വിദേശ ചിത്രം’ എന്ന വിഭാഗത്തിൽ മത്സരിക്കുക. എല്ലാ വിഭാഗങ്ങളിലെയും അന്തിമ നോമിനേഷനുകൾ ജനുവരി 23-ന് പ്രഖ്യാപിക്കും.
Be the first to comment