ഹാരിപോട്ടര്‍ സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ അല്‍ഫോന്‍സോ ക്വാറോണിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

ഹാരിപോട്ടര്‍ സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ അല്‍ഫോന്‍സോ ക്വാറോണിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. ലെക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിന്റെ 77ാം എഡിഷനിലാണ് ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിസണര്‍ ഓഫ് അസ്‌കബാന്‍, വൈ തു മാമ ടാംബിയെന്‍, റോമ തുടങ്ങിയ പ്രശസ്ത സിനിമകള്‍ സമ്മാനിച്ച സംവിധായകനെ ആദരിക്കുന്നത്. ഓഗസ്റ്റ് ഏഴ് മുതല്‍ 17 വരെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൊക്കാര്‍ണോയിലാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്.

ഓഗസ്റ്റ് 11നാണ് അല്‍ഫോന്‍സോയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. അതേദിവസം സ്വീസ് ടൗണിലെ പിയാസ ഗ്രാന്‍ഡെയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രേക്ഷകര്‍ക്ക് ഇദ്ദേഹവുമായി സംവദിക്കാം. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ് കീഴക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ലെക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ജിയോന എ നസ്സാറോ പറഞ്ഞു. ”നോവലുകള്‍ മുതല്‍ സയന്‍സ് ഫിക്ഷന്‍ വരെ അതിഭാവുകത്വം നിറഞ്ഞ സിനിമകള്‍ മുതല്‍ ഹാരി പോട്ടര്‍ പോലെയുള്ള സിനിമകള്‍ വരെയുള്ള ഓരോ സിനിമകളിലും അല്‍ഫോണ്‍സോ ക്വാറോണ്‍ ഒരു കലാകാരനെന്ന നിലയില്‍ സ്വയം പുനര്‍നിര്‍മിക്കുകയായിരുന്നു,” നസ്സാറോ കൂട്ടിച്ചേര്‍ത്തു.

ഗ്രാവിറ്റി, റോമ എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമം 2013ലും 2018ലും മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ക്വാറോണ്‍ നേടിയിട്ടുണ്ട്. ഡിസ്‌ക്ലൈമര്‍ എന്ന ആപ്പിള്‍ ടിവി സീരീസാണ് ക്വാറോണിന്റെ വരാനിരിക്കുന്ന പുതിയ സിനിമ. ഏഴ് ഭാഗങ്ങളുള്ള സൈക്കോളജിക്കല്‍ സീരീസാണ് ഡിസ്‌ക്ലൈമര്‍. കേറ്റ് ബ്ലാന്‍ചെറ്റ്, സച്ചാ ബരോണ്‍ കോഹന്‍, കെവിന്‍ ക്ലിന്‍ തുടങ്ങിയവരാണ് സീരീസില്‍ വേഷമിടുന്നത്.

അതേസമയം ഷാറൂഖ് ഖാന്‍, സംവിധായകന്‍ ജേന്‍ കാംപ്യന്‍, നിര്‍മാതാവ് സ്റ്റാസി ഷെര്‍ തുടങ്ങി നിരവധി താരങ്ങള്‍ ലെക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*