ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും ചോരത്തിളപ്പിലും ബുദ്ധിയും കൗശലവും ആളും അര്‍ത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേല്‍ കുറുവച്ചന്’. മധ്യ തിരുവിതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്. കുറുവച്ചന്റെ കഥ കൗതുകവും ആശ്ചര്യവുമൊക്കെ നല്‍കിക്കൊണ്ട് പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്, ഒറ്റക്കൊമ്പന് എന്ന ചിത്രത്തിലൂടെ. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരും, അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ്തുടക്കമിട്ടത് . തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. നടന് ബിജു പപ്പന് സ്വിച്ചോണ്‍ കര്‍മ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഫസ്റ്റ് ക്ലാപ്പും നല്കി. മാര്ട്ടിന് മുരുകന്, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്.
കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചന്റ ജീവിത യാത്ര. ഈ യാത്രക്കിടയില്‍ സംഘര്‍ഷങ്ങളും .’പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിന്റെ പിന്‍ബലത്തിലൂടെ നേരിടുമ്പോള്‍ത്തന്നെ ബന്ധങ്ങള്‍ക്കും കുടുംബത്തിനു പ്രാധാന്യം കല്‍പ്പിക്കുന്ന കുടുംബനാഥന് കൂടിയാകുകയാണ് കടുവാക്കുന്നേല്‍ കുറുവച്ചന്.
ക്ലീന്‍ ഫാമിലി ഇമോഷന് ത്രില്ലെര്‍ ഡ്രാമയായി ആണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി ബിജു പപ്പന്, മേഘന രാജ് എന്നിവരും നിരവധി താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എഴുപതില്‍പ്പരം അഭിനേതാക്കള്‍ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Be the first to comment