എയര്‍ഫ്രയറിലെ പാചകം അര്‍ബുദ കാരണമാകുമോ? ഉരുളക്കിഴങ്ങ് പോലുള്ളവയുടെ ഡീപ് ഫ്രയിങ് ഒഴിവാക്കാം

നമ്മുടെ ആഹാരശീലങ്ങള്‍ പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അറിഞ്ഞുകൊണ്ടും അറിയാതെയും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നവരുണ്ട്. എന്നാല്‍ ചിലരാകട്ടെ ആഹാര ജീവിതശൈലീ കാര്യങ്ങളില്‍ കര്‍ശന നിഷ്ഠ പുലര്‍ത്തുന്നവരാണ്. ഇത്തരക്കാര്‍ക്കിടയിലേക്ക് എന്തെത്തിയാലും ഭീതിയോടെയും സംശയാസ്പദമായുമാകും ആദ്യം വീക്ഷിക്കുക. ഇത്തരത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ഒന്നാണ് എയര്‍ ഫ്രയര്‍ പാചകം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നത്.

ആരോഗ്യകരമായ പാചകം എന്ന രീതിയിലാണ് എയര്‍ ഫ്രയറുകള്‍ വിപണിയിലെത്തിയത്. അവ്‌ന്‌റെ മോഡിഫൈഡ് രൂപമായ എയര്‍ഫ്രയര്‍ പലരുടെയും വീടുകളിലെ സന്നിധ്യവുമായി. ഇത്തരക്കാരെ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു ഇതിലെ പാചകം അര്‍ബുദം ക്ഷണിച്ചുവരുത്തുമെന്നത്. എന്നാല്‍ അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് അര്‍ബുദരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒരു മോഡിഫൈഡ് കണ്‍വെന്‍ഷനല്‍ അവ്ന്‍ ആണ് എയര്‍ഫ്രയര്‍. എണ്ണയില്‍ പാചകം ചെയ്യുന്ന എല്ലാ വിഭവങ്ങളും സുരക്ഷിതമായി എയര്‍ ഫ്രയറില്‍ പാകം ചെയ്യാം. 250 ഡിഗ്രി വരെയുള്ള ഫ്രയിങ് ഇതില്‍ സാധ്യമാണ്. സാധാരണ ഫ്രയിങ്ങിന് ഉപയോഗിക്കുന്നതിനെക്കാള്‍ 90 ശതമാനംവരെ എണ്ണയുടെ അളവ് എയര്‍ഫ്രയറില്‍ കുറയ്ക്കാമെന്ന ഗുണവുമുണ്ട്. ഇതുവഴി ശരീരത്തിലെത്തുന്ന കൊഴുപ്പിന്‌റെ അളവ് കുറയ്ക്കാം.

ഡീപ് ഫ്രയിങ് ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ അക്രിലാമെയ്ഡ് എന്ന രാസപദാര്‍ഥം ഉണ്ടാകും. ഇത് അര്‍ബുദ സാധ്യത സൃഷ്ടിക്കുന്ന ഒരു രാസപദാര്‍ഥമാണ്. ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ തുടങ്ങി സസ്യാധിഷ്ഠിതമായവ ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുമ്പോഴാണ് അക്രിലാമെയ്ഡ് ഉണ്ടാകുന്നത്. എന്നാല്‍ മീന്‍, ഇറച്ചി പോലുള്ളവ ഡീപ് ഫ്രയിങ് ചെയ്യുമ്പോള്‍ അക്രിലാമെയ്ഡ് സാന്നിധ്യം കുറവാണ്. എയര്‍ഫ്രയറില്‍ മാത്രമല്ല, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ എങ്ങനെ ഡീപ് ഫ്രൈ ചെയ്താലും അക്രിലാമെയ്ഡ് സാന്നിധ്യം ഉണ്ടാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡീപ് ഫ്രൈ ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*