ഉറക്കം കൂടിപ്പോയാലും പ്രശ്‌നം, 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതല്‍

മതിയായ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഈ മതിയായ ഉറക്കത്തിന് ഒരു സമയപരിധിയുണ്ട്. അതിനപ്പുറം ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കാം.

അമിത ഉറക്കത്തെ തുടര്‍ന്ന് ആരോഗ്യത്തിന് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍

1. പൊണ്ണത്തടി

അമിതമായി ഉറങ്ങുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടി പകല്‍ ഉറക്കത്തിലേക്കും നയിക്കും. ഇത് ഒരു ചക്രമാവുകയും ഉറക്കരീതികളെ തകിടം മറിക്കുകയും ചെയ്യാം. അമിതമായ ഉറക്കം അലസമായ ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയത്വം തുടങ്ങിയവയിലേക്ക് നയിക്കാം. ഇത് പൊണ്ണത്തടി കൂടാനും പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

2. വന്ധ്യത

അമിത ഉറക്കം പുരുഷന്മാരിലും സ്ത്രീകളിലും ഹോർമോൺ നിയന്ത്രണത്തെ തടസപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുൽപാദന ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കോർട്ടിസോൾ, മെലറ്റോണിൻ തുടങ്ങിയ ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. അമിതമായ ഉറക്കം ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ബീജ ഉൽപാദനത്തെയും ബാധിക്കുകയും ചെയ്യും.

3. പ്രമേഹം

അമിത ഉറക്കം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അമിതമായ ഉറക്കം ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കുന്നു. ഇത് പ്രമേഹ സാധ്യത 2.5 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ഹൃദ്രോഗങ്ങള്‍

അമിത ഉറക്കം പൊണ്ണത്തടി, ശാരീരിക നിഷ്ക്രിയത്വം എന്നിവയ്ക്ക് കാരണമാകുന്നതിലൂടെ ഹൃദയാരോഗ്യം മോശമാകാനും ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനും കാരണമാകും. കൂടാതെ രാത്രി പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

5. വിഷാദം

അമിത ഉറക്കം മാനസികാരോഗ്യ പ്രശ്‌നങ്ങളുടെയോ വിഷാദത്തിന്റെയോ സൂചനയാകാം. വിഷാദം പോലുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന 15 ശതമാനത്തോളം ആളുകളില്‍ അമിത ഉറക്കം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്ക രീതികളെ സാരമായി ബാധിക്കാം. അമിതമായി ഉറങ്ങുന്നത് വിഷാദ ലക്ഷണങ്ങള്‍ വഷളാക്കാനും കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*