പി ജയരാജന്‍ വധശ്രമക്കേസ്; സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരി​ഗണിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സര്‍ക്കാർ ഉയർത്തിയ പ്രധാന ആക്ഷേപം. 

രണ്ടാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്.സാക്ഷിമൊഴികള്‍ വിശ്വാസ്യ യോഗ്യമല്ലെന്നും എഫ്ഐആറില്‍ മോഷണക്കുറ്റം ഇല്ലെന്നും ഉള്‍പ്പടെയുള്ള കാരണങ്ങളാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

1999ലെ തിരുവോണ ദിവസം വീട്ടില്‍ക്കയറി സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജസ്റ്റിസ് പി സോമരാജനാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*