നീതി ലഭിച്ചില്ല, അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് പി ജയരാജൻ

കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിൽ പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. തനിക്ക് നീതി ലഭിച്ചില്ലെന് ജയരാജൻ പറഞ്ഞു.  അപ്പീൽ നൽകുന്നത് ആലോചിക്കുമെന്നും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടതി നടപടികളിൽ അസ്വാഭാവികതയുണ്ട്.  ക്രിസ്തുമസ് അവധിക്ക് ശേഷം വാദം കേൾക്കാൻ കേസ് മാറ്റിയിരുന്നു.  എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അതേ ബെഞ്ച് കേസ് പരിഗണിച്ചു. വാദം കേൾക്കാതെ ഭാഗികമായി കേട്ടതായി കോടതി രേഖപ്പെടുത്തി. ഇത് അസ്വാഭാവിക നടപടിയെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.  പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണം.  സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.  വിധിയുടെ പശ്ചാത്തലത്തിൽസമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും പ്രവർത്തകരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു

രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ബാക്കി എട്ട് പേരെയും വെറുതെ വിടുകയായിരുന്നു.  1999 ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജസ്റ്റിസ് പി സോമരാജനാണ് വിധി പറഞ്ഞത്.

ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.   രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*