കണ്ണൂര്‍ : മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെതിരെ പി ജയരാജന്റെ മകൻ ജെയിൻ രാജിൻ്റെ വക്കീൽ നോട്ടീസ്. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിൻ്റെ വക്കീൽ നോട്ടീസ്.
പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകൻ ജെയിൻ രാജിന്റെ വക്കീൽ നോട്ടീസ്.
മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തതായി ഫേസ്ബുക്കിലൂടെയാണ് ജെയിൻ അറിയിച്ചത്. യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
Be the first to comment