
മലപ്പുറം: കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചര്‍ച്ച കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. കരുണാകരന്റെ നേതൃത്വത്തിലുള്ള, താന്‍ വ്യവസായമന്ത്രിയായ സര്‍ക്കാര്‍ മുതലാണ് ഈ രംഗത്ത് മാറ്റത്തിനു വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങിയത്. ആ സര്‍ക്കാര്‍ ഈ ലക്ഷ്യം വെച്ചുള്ള വ്യവസായ നയം കൊണ്ടു വന്നു. ക്രിന്‍ഫ്ര എന്ന പരീക്ഷണം ആരംഭിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ടിവി തോമസിന്റെയും അച്യുതമേനോന്റെയൊക്കെ ആ കാലം കഴിഞ്ഞാല്‍ പിന്നീട് കേരളത്തില്‍ വ്യവസായ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായത് കിന്‍ഫ്ര പാര്‍ക്കുകളാണ്. ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസിപ്പിക്കണമെന്ന ഇച്ഛാശക്തിയോടെ ആ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിന് അകത്താണ്. വിമാനത്താവളത്തിനുള്ള ഭൂമി അക്വയര്‍ ചെയ്തതു പോലും കിന്‍ഫ്രയാണ്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോഴും കിന്‍ഫ്രയാണ് അടിസ്ഥാനപരമായി നിലകൊണ്ടത്.
പല ലോകോത്തര ആശയങ്ങളും കൊണ്ടു വന്നത് ആന്റണി സര്‍ക്കാരാണ്. കുറുക്കന്‍ മേഞ്ഞിരുന്ന കാക്കനാട്, ആന്റണി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി ഐടിയുടെ ഡെസ്റ്റിനേഷനാക്കണമെന്ന ഉദ്ദേശത്തോടെ സമയബന്ധിതമായി ഇന്‍ഫോ പാര്‍ക്ക് അടക്കം നിര്‍മ്മിച്ചു. ലോകപ്രശസ്തമായ അക്ഷയ ആരംഭിച്ചു. ഡിജിറ്റല്‍ കേരളം ആയതു തന്നെ അക്ഷയ മൂലമാണ്. കിന്‍ഫ്ര പാര്‍ക്കുകള്‍ അടക്കം, അടിസ്ഥാനപരമായി കേരളത്തിന്റെ വ്യവസായ മേഖലയില്‍ വമ്പിച്ച മാറ്റം കൊണ്ടു വന്നത് യുഡിഎഫ് സര്‍ക്കാരുകളാണ്.
ഇതിന്റെ കഠിന പരിശ്രമത്തിന്റെ ഭാഗമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുള്ള എമര്‍ജിങ് കേരള, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും ഒക്കെ. നിക്ഷേപകരെ കൊണ്ടുവരാന്‍, മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആന്റണി ഇന്‍ഫോസിസ് ക്യാംപസില്‍ പോയി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്‍ഫോസിസ് സ്വന്തമായി ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങി. ഇന്നിപ്പോ ഇടതു സര്‍ക്കാരുകള്‍ ആവകാശപ്പെടുന്നത് സ്റ്റാര്‍ട്ടപ്പുകളാണ്. എന്നാല്‍ ഏത് സ്റ്റാര്‍ട്ടപ്പുകളും ഐടി ഡെവലപ്പുമെന്റുകളും വരണമെങ്കില്‍ ഗുണമേന്മയുള്ള സാങ്കേതിക വിദഗ്ധര്‍ ആവശ്യമാണ്. അതിന് എഞ്ചിനീയറിങ്, പ്രൊഫഷണല്‍ കോളജുകള്‍ വേണം.
അക്കാലത്ത് പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരം നാം മറന്നിട്ടില്ല. അതിനെയെല്ലാം മറികടന്നാണ് വിദ്യാഭ്യാസ രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ പുതിയ തുടക്കം കുറിച്ചത്. നിക്ഷേപങ്ങള്‍ വരാന്‍ നല്ല വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാവേണ്ടതാണ്. എന്നാല്‍ നോക്കുകൂലി, അക്രമ സമരങ്ങള്‍, നിക്ഷേപകര്‍ക്ക് നേരിടുന്ന ഭീഷണി തുടങ്ങിയവയാണ് യുഡിഎഫ് ഭരണകാലത്ത് നേരിട്ടിരുന്ന അന്തരീക്ഷം. മുമ്പ് എല്‍ഡിഎഫ് കാണിച്ചതുപോലുള്ള നയമല്ല, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ യുഡിഎഫ് പുലര്‍ത്തുന്നത്.
പണ്ടത്തെ നയം തെറ്റായിരുന്നുവെന്നും, ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നുവെന്നും ഇടതുമുന്നണി പറയുന്നു. അതേക്കുറിച്ച് ഒന്നേ പറയാനുള്ളൂ, പശ്ചാത്താപം തോന്നുന്നത് നല്ലതാണ്. തിരുത്തുന്നത് നല്ലതാണ്, ആ തിരുത്തല്‍ സ്ഥായിയിരിക്കണം. കേരളം ഇപ്പോള്‍ കാണുന്ന എക്‌സ്പ്രസ് ഹൈവേ യുഡിഎഫ് കൊണ്ടു വന്നതാണ്. അന്ന് പശുവിനെ കൊണ്ടുപോകുന്ന വിഷയം എല്‍ഡിഎഫ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അവര്‍ അതു പറയില്ല. എന്തായാലും വ്യവസായ രംഗത്തു കാലത്ത് വമ്പിച്ച കുതിപ്പ് കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്.
ചില എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നയം തന്നെ ഇടിച്ചു പൊളിക്കലാണ്. റിസോര്‍ട്ടുകളൊക്കെ ഇടിച്ചു പൊളിച്ചത് നമുക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ. ഒരുക്കലും വ്യവസായ അനുകൂല നയം സ്വീകരിക്കാന്‍ വൈകിയതാണ്, ഇടതുപക്ഷം കാലാകാലങ്ങളില്‍ മാറ്റത്തിന് അനുകൂലമാകാതിരുന്നതാണ് വലിയ പ്രശ്‌നമായിരുന്നത്. കൊച്ചിയില്‍ നടക്കാന്‍ പോകുന്ന വ്യവസായ ഈവന്റില്‍ പ്രതിപക്ഷത്തെ നേതാക്കള്‍ പങ്കെടുക്കും. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിം അടക്കമുള്ള ഈവന്റുകളില്‍ ഇടതു നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതും, വലിയ ഹൈവേകള്‍ക്ക് അനുകൂലിക്കുന്നതുമെല്ലാം ഇടതുമുന്നണിയുടെ നേരത്തെയുള്ള നയത്തില്‍ നിന്നുള്ള തിരുത്തലുകളാണ്. നേരത്തെ കേരളം വ്യവസായ നിക്ഷേപക സൗഹൃദം ആയിരുന്നില്ലെങ്കില്‍ അതിന് കാരണക്കാര്‍ ഇടതുപക്ഷമാണ്. അത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിവെച്ചത് ഇടതുപക്ഷക്കാരാണ്. അതുകൊണ്ടുതന്നെ വ്യവസായ രംഗത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന് അവകാശപ്പെടാവുന്നതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയായി പണം അനുവദിച്ചത് അപമാനകരമാണ്. ഇതില്‍ രാഷ്ട്രീയഭേദമല്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രതിഷേധിക്കണം. അതുപോലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ കയ്യും കാലും കെട്ടി അമേരിക്ക നാടുകടത്തിയതും അപമാനിക്കുന്നതിന് തുല്യമാണ്. അനധികൃത കുടിയേറ്റക്കാരെ അയക്കണമെങ്കില്‍, അതിന് വിമാനം അയയ്ക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോ ഇന്ത്യയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
Be the first to comment