
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു. അടിയന്തരമായി ഇന്ത്യ മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡൽഹിയിൽ ബിജെപിക്ക് സൗകര്യം ഒരുക്കിയത് കോൺഗ്രസെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും പറഞ്ഞു. ഇന്ത്യാ സഖ്യം ശരിയായി പ്രവർത്തിക്കാതിരുന്നതിന് കാരണം കോൺഗ്രസ് നിലപാടാണ് ഡൽഹിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കോൺഗ്രസിന് ആയിരുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കാണിക്കുന്ന പ്രവർത്തന മികവ് രാജ്യത്തിന്റെ മറ്റിടങ്ങളിലും പാർട്ടി മാതൃയാക്കണമെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങളുടെ പ്രവർത്തന മികവ് നേരിട്ട് കണ്ടു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല പ്രവർത്തനം സജീവമാക്കേണ്ടത്. അത് തുടരണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇരുപത്തിയേഴ് വർഷത്തിന് ശേഷം ഡൽഹി ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയാണ് ഡൽഹിയിലെ ആംആദ്മി പാർട്ടി ഭരണത്തിന് ബിജെപി അന്ത്യം കുറിച്ചത്. മുഖ്യമന്ത്രി അതിഷിയുടെ വിജയത്തിൽ മാത്രമാണ് ആംആദ്മി പാർട്ടിയ്ക്ക് നേരിയ ആശ്വാസം.
മൂന്നാം വട്ടവും സീറ്റൊന്നുമില്ലാതെ ദയനീയപ്രകടനമാണ് കോൺഗ്രസിന്റേത്. ഡൽഹിയിൽ ഇരട്ട എഞ്ചിൻ സർക്കാരെന്ന ബിജെപിയുടെ സ്വപ്നം ഡൽഹി ജനത നെഞ്ചിലേറ്റി. ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 47 സീറ്റിലാണ് ബിജെപി മുന്നേറ്റം. 23 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മുന്നിലാണ്.
Be the first to comment