മുനമ്പം പ്രശ്‌നം നീണ്ടുപോയാല്‍ കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരും; സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തു താമസിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. സാദിഖലി തങ്ങള്‍ അഭിവന്ദ്യരായ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുന്നതിന് ആലോചിക്കുന്നുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമ്യമായ പരിഹാരം സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ പരിഹാരത്തിനായി ലീഗ് മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം സംഘടകളുടെ യോഗം ചേര്‍ന്ന് രമ്യമായ പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. അതിന് എല്ലാ സംഘടനകളും യോജിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മുനമ്പം പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണ്. ആ മാര്‍ഗം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഇടയ്ക്ക് ഓരോരുത്തര് നടത്തുന്ന പ്രസ്താവനകള്‍ കേരളത്തില്‍ സമുദായങ്ങള്‍ തമ്മില്‍ തമ്മിലടിപ്പിക്കുന്ന, ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ ഇതിന്റെ പേരിലുണ്ടാകരുത്. ഓരോരുത്തരും മുനമ്പത്തു വന്ന് വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കേരള സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. അതുപയോഗപ്പെടുത്തി ബിജെപി നേതാക്കള്‍ അടക്കം വന്ന് സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. മുനമ്പത്ത് താമസിക്കുന്നവരെ കുടിയിറക്കരുത് എന്നതില്‍ എല്ലാവര്‍ക്കും യോജിപ്പുണ്ട്. വൈകാതെ തന്നെ സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണും. സര്‍ക്കാര്‍ തീരുമാനം നീണ്ടുപേകുന്നത് കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വര്‍ഗീയപ്രചാരണം നടത്താന്‍ ഒരുകൂട്ടര്‍ ശ്രമിക്കുകയാണ്. ആ വലിയ വിലയാണ് ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നത്.
അത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതു കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പരിഹാരം നീണ്ടുപോകുന്നത് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പരിഹാരമില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സര്‍ക്കാരിനും എന്തെങ്കിലും ലാഭമുണ്ടോയെന്ന് ആളുകള്‍ സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വഖഫുമായി ബന്ധപ്പെട്ട പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാകുക ഇടതുപക്ഷ മുന്നണിക്കാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് നിസാര്‍ കമ്മീഷനെ വെച്ച് വഖഫ് ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം വരുന്നത്. അതിന്റെ ചുവടു പിടിച്ചാണ് പിന്നീടുള്ള നടപടികളൊക്കെ ഉണ്ടായത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*