ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവ്.
ആത്മകഥ ഇല്ലെന്ന് ഇ. പി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു വാർത്ത വരുന്നതിനു പിന്നിൽ ആസൂത്രിത നീക്കം ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.വോട്ടിംഗിന് പോകുന്ന ദിവസം ഒരു കഥയുമായി ഇറങ്ങുന്നു. അതിനെ ആസൂത്രിത ഗൂഢാലോചനയായി കരുതണമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ചേലക്കര, പാലക്കാട് തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും.ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണെന്ന് പിന്നീടേ അറിയാൻ കഴിയൂ. പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു. ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ആസൂത്രിതമായ ഗൂഢാലോചനയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമോയെന്ന ചോദ്യത്തിന് അത് നിങ്ങൾ ഉണ്ടാക്കുന്നതല്ലേ എന്നായിരുന്നു മറുപടി.
ഇതിനിടെ ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം. നിയമ നടപടി എടുക്കും എന്ന് ഇ പി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് എംവി ഗോവിന്ദൻ. ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോ പറയണ്ട കാര്യം ഇല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Be the first to comment