വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് ശശിയെന്ന പരാമര്‍ശം; അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി.വി അന്‍വറിന് വീണ്ടും പി.ശശിയുടെ വക്കീല്‍ നോട്ടീസ്.വി.ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന അന്‍വറിന്റെ പരാമര്‍ശത്തിലാണ് നടപടി.പി.ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. 

യു.ഡി.എഫിന്റെ പ്രീതി പിടിച്ചു പറ്റാന്‍ മുഖ്യമന്ത്രിയെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും കടന്നാക്രമിച്ചായിരുന്നു അന്‍വറിന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനം.പിന്നാലെ അന്‍വറിനെതിരെ പി.ശശി നാലാമത്തെ വക്കീല്‍ നോട്ടീസ് അയച്ചു.പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു.പി.ശശിയുടെ പരാതിയില്‍ മൂന്ന് കേസുകള്‍ നിലവില്‍ അന്‍വറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. യുഡിഎഫ് പ്രവേശനത്തിനായി പി.വി അന്‍വര്‍ മാപ്പപേക്ഷ തയ്യാറാക്കി നില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

തത്കാലം അന്‍വറിനെ തള്ളുകയും കൊള്ളൂകയും വേണ്ടെന്നാണ് യുഡിഎഫ് നിലപാട്.യുഡിഎഫ് യോഗത്തിലും കെപിസിസിയുടെ യോഗങ്ങളിലും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യും.മലപ്പുറം ഡിസിസിയുമായും കൂടിയാലോചന നടത്തും.യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പിന്തുണ സ്വീകരിക്കുന്നതില്‍ യുഡിഎഫ് നിലപാട് എടുക്കും. sasi

Be the first to comment

Leave a Reply

Your email address will not be published.


*