ആകാശ് ദീപ് ആദ്യ സെഷനിൽ ഹീറോ; നോബോളിന് പിന്നാലെ വിക്കറ്റ് വേട്ട

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഹീറോയായി പേസർ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബംഗാൾ താരം വീഴ്ത്തിയത്. ഇന്ത്യയ്ക്കെതിരെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഒരൽപ്പം നിർഭാ​​ഗ്യത്തോടെയാണ് ആകാശ് ദീപ് തന്റെ കരിയറിന് തുടക്കമിട്ടത്.

നാലാം ഓവറിലെ അഞ്ചാം പന്തിൽ ഇം​ഗ്ലീഷ് ഓപ്പണർ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചിട്ടും ആകാശ് ദീപിന് വിക്കറ്റ് ലഭിച്ചില്ല. ആകാശ് ദീപ് എറിഞ്ഞ പന്ത് നോബോൾ ആയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വമ്പൻ തിരിച്ചുവരവാണ് ആകാശ് ദീപ് നടത്തിയത്.11 റൺസെടുത്ത ബെൻ ഡക്കറ്റിനെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് ആദ്യ വിക്കറ്റെടുത്തു. റൺസെടുക്കും മുമ്പ് ഒലി പോപ്പിനെ വിക്കറ്റിന് മുന്നിൽ കുരുക്കി.  മുമ്പ് നിഷേധിക്കപ്പെട്ട സാക്ക് ക്രൗളി ആയിരുന്നു ആകാശിന്റെ അടുത്ത ഇര. 42 റൺസെടുത്ത ക്രൗളിയുടെ ബെയ്ൽസ് തെറുപ്പിച്ചു.

മോശം ഫോം തുടരുന്ന ജോണി ബെയർസ്റ്റോയെ അശ്വിനും പുറത്താക്കി. 38 റൺസുമായി നന്നായി തുടങ്ങിയിട്ടും ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുരുങ്ങി. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത് രവീന്ദ്ര ജഡേജയാണ്. നിലവിൽ 33 റൺസെടുത്ത ജോ റൂട്ടാണ് ക്രീസിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*