ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡൽഹിയിൽ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി.
കോൺഗ്രസ് നേൃത്വത്തിൽ നിന്ന് നേരിട്ട തുടർച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നിൽ എന്ന് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കെ കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.
ബിജെപിയിൽ ചേരുമെന്നു നേരത്തേ വാർത്തകൾ വന്നെങ്കിലും അതിനെ പദ്മജ തന്നെ തള്ളുകയായിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. ഉച്ചയ്ക്ക് പങ്കുവെച്ച പോസ്റ്റ് വൈകിട്ടോടെ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് ബയോയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. എകെ ആന്റണിയുടെ മകൻ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Be the first to comment