സ്വന്തം മണ്ണിൽ തോറ്റ് പാക്കിസ്ഥാൻ; ബം​ഗ്ലാദേശിന് 10 വിക്കറ്റ് ജയം

റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ബം​ഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബം​ഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയം. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ബം​ഗ്ലാദേശ് ചരിത്രമെഴുതിയത്. സ്കോർ പാകിസ്താൻ 448/6 ഡിക്ലയർ‍ഡ്, 146; ബം​ഗ്ലാദേശ് 565, 30/0.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസെന്ന നിലയിലാണ് പാകിസ്താൻ രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 14 റൺസുമായി ക്യാപ്റ്റൻ ഷാൻ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരിൽ മുഹമ്മദ് റിസ്വാന് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 51 റൺസെടുത്ത റിസ്വൻ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റൺസും ബാബർ അസം 22 റൺസുമെടുത്തു. രണ്ടാം ഇന്നിം​ഗ്സിൽ പാകിസ്താന് ആകെ നേടാനായത് 146 റൺസ് മാത്രമാണ്. മെഹിദി ഹസൻ നാല് വിക്കറ്റും ഷാക്കിബ് അൽ ഹസ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

ചരിത്ര വിജയത്തിനായി ബാറ്റിം​ഗിനിറങ്ങിയ ബം​ഗ്ലാദേശിന് ലക്ഷ്യത്തിലെത്താൻ വേണ്ടിയിരുന്നത് വെറും 30 റൺസ് മാത്രമായിരുന്നു. ഓപ്പണർമാരായ സാക്കിർ ഹ​സ്സനും ഷദ്മാൻ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബം​ഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിർ 15 റൺസും ഷദ്മാൻ ഇസ്ലാം 9 റൺസും നേടി പുറത്താകാതെ നിന്നു.

Be the first to comment

Leave a Reply

Your email address will not be published.


*