തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്ന കേസിലെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ ഇമ്രാന്‍ ഖാനും പങ്കാളി ബുഷറ ബീവിക്കും 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതാണ് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന്‍ നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനം കൈക്കൊള്ളും വരെ മരവിപ്പിച്ചത്. ഈദ് അവധിക്ക് ശേഷം അപ്പീല്‍ വിശദമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ആമെര്‍ ഫറൂഖ് വ്യക്തമാക്കി.

പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവർക്കുമെതിരെ ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഇരുവരും പത്ത് വര്‍ഷത്തേക്ക് പൊതു ഉദ്യോഗം വഹിക്കരുതെന്ന് വിലക്കുകയും 78.7 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇമ്രാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന 2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളര്‍) വിലമതിക്കുന്നതുമായ സമ്മാനങ്ങള്‍ വിറ്റെന്നാണ് ആരോപണം.

രാഷ്ട്രത്തലവന്‍മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തു വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തില്‍ താഴെയുള്ളവ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്.

അതേ സമയം തോഷഖാന കേസിലെ വിധി വന്നതിന് തൊട്ടടുത്ത ദിവസം ഇമ്രാനെയും ബുഷറെയെയും വിവാഹത്തില്‍ ഇസ്ലാമിക നിയമം ലംഘിച്ചുവെന്ന കേസില്‍ ഏഴ് വര്‍ഷം കൂടി തടവ് ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സൈഫർ കേസടക്കം നിരവധിക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.

Be the first to comment

Leave a Reply

Your email address will not be published.


*