പാലാ മുൻസിപ്പൽ ചെയർമാൻ; പാർലമെൻററി പാർട്ടിയോഗം വൈകിട്ട്

കോട്ടയം : പാലാ നഗരസഭയുടെ പുതിയ അധ്യക്ഷക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്നു. സിപിഎം പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി പി എമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക. 

നിലവിൽ ബിനു പുളിക്കകണ്ടത്തെ  ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്. 

ബിനുവിന് പകരം പാർട്ടി സ്വതന്ത്രരായി ജയിച്ച വനിത കൗൺസിലർമാരിൽ ഒരാളെ അധ്യക്ഷയാക്കിയുള്ള പ്രശ്ന പരിഹാരമാണ് സിപിഎം നേതാക്കൾ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് സമ്മർദ്ദത്തിന് ജില്ലാ നേതൃത്വം വഴങ്ങുന്നതിൽ പാലായിലെ പാർട്ടി പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. ഈ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് വൈകുന്നത്. ചെയർമാൻ സ്ഥാനം അഞ്ചുവർഷത്തേക്കും കേരള കോൺഗ്രസിന് തന്നെ വിട്ടുകൊടുത്ത് പുറത്തുനിന്ന് നഗരസഭാ ഭരണത്തെ പിന്തുണയ്ക്കണമെന്ന ആവശ്യവും പാർട്ടിക്ക് മുന്നിലുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*