പാലാ നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം; ഉപയോഗത്തിന് നിബന്ധനകൾ ഏർപ്പെടുത്തി നഗരസഭ

പാലാ: നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ഉപയോഗത്തിന് വിപുലമായ നിബന്ധനകൾ നഗരസഭാ അധികാരികൾ പറത്തിറക്കി. സ്റ്റേഡിയം ഏതാവശ്യത്തിനാണോ ബുക്ക് ചെയ്യേണ്ടത് അതിനായുള്ല പ്രത്യേക അപേക്ഷാ ഫാറത്തിൽ അപേക്ഷ നൽകണം. ഫാറത്തിന് ജി.എസ്.റ്റി ഉൾപ്പെടെ 10 രൂപ നൽകണം.

നടപ്പുകാർ ഒരു വർഷത്തേക്ക് 1616 രൂപ അടച്ച് എൻട്രി പാസ് കരസ്ഥമാക്കണം. 6, 7, 8 എന്നീ ട്രാക്കുകൾ മാത്രമേ നടക്കാൻ ഉപയോഗിക്കാവൂ. അനുവദിച്ച സമയം രാവിലെ 5 മണി മുതൽ 7 മണി വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയുമാണ്. നടപ്പുകാർ മാന്യമായ വേഷവും സിന്തറ്റിക് ട്രാക്കിന് അനുയോജ്യമായ പാദരക്ഷയും ഉപയോഗിക്കണം. സ്റ്റേഡിയത്തിനുളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

മദ്യപാനം, പുകവലി, മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ഭക്ഷണം കഴിക്കൽ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം (പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കൂടുകൾ മുതലായവ) കർശനമായും നിരോധിച്ചു. ട്രാക്കിന് വെളിയിൽ ടൈൽ പതിപ്പിച്ച വാക് വേ നടപ്പുകാർക്ക് വേണ്ടി സൗജന്യമായി അനുവദിച്ചിട്ടുള്ളതാണ്. നടപ്പു വ്യായാമത്തിനായി എത്തുന്നവർക്ക് എസ്.എം.സി. നൽകുന്ന ഫോട്ടോ പതിച്ച സ്റ്റേഡിയം പ്രവേശന തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം.

ട്രാക്കിന് വെളിയിലുള്ള ഭാഗം കായികേതര ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്നവർ പ്രതിദിനം 2000 രൂപ അടച്ച് രസീത് വാങ്ങണം. വോളിബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ടുകൾക്ക് യാതൊരുവിധ തടസവുമുണ്ടാകാത്ത വിധത്തിൽ മാത്രമേ നഗരസഭ നിദ്ദേശിക്കുന്ന ഭാഗം വാടകയ്ക്ക് എടുക്കുന്നവർ ഉപയോഗിക്കുവാൻ പാടുള്ളൂ. മാലിന്യങ്ങൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ തന്നെ നീക്കം ചെയ്യണം.

 

Be the first to comment

Leave a Reply

Your email address will not be published.


*