പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നു, ബാക്കി കാര്യങ്ങൾ വഴിയേ പറയാം; മന്ത്രി എം ബി രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അവരുടെ പ്രവർത്തകർക്ക് തന്നെ ഒരു തരത്തിലും സ്വീകരിക്കാൻ ആകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഈ സ്ഥാനാർത്ഥിത്വം ഒരു പ്രത്യുപകാരമാണ്. സ്ഥാനാർത്ഥിയുടെ സ്പോൺസർ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.വടകരയിൽ ലഭിച്ച സ്ഥാനാർത്ഥിത്വത്തിന് പ്രത്യുപകാരമായാണ് ഇപ്പോഴത്തേതെന്നുംപാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോൺഗ്രസിന്റെ ജീർണ്ണതയും അപചയവും എത്രയുണ്ടെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പി സരിൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസിലെ ചിലർക്ക് ബിജെപിയോട് ഒരു കമ്മിറ്റ്മെൻറ്റ് ഉണ്ട്. കോൺഗ്രസും യുഡിഎഫും ആഴമേറിയ പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസിൽ ഉണ്ടായത് പൊട്ടിത്തെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പി സരിനുമായി സിപിഐഎം ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നുവെന്നായിരുന്നു. ബാക്കി കാര്യങ്ങൾ വഴിയേ പറയാമെന്നും ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പാലക്കാട് ഒരു തരത്തിലും ബിജെപിക്ക് ഗുണം ചെയ്യാൻ അനുവദിക്കുന്ന പ്രശ്നമില്ല. എൽഡിഎഫ് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കും,ജില്ലയിൽ എൽഡിഎഫിന് വിജയിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് വിശദമാക്കി.

സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണമെന്നും കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും തിരുവഞ്ചൂർ‌ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്‌സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*