
തൃശൂര്‍: ട്രാക്കിൽ പാലക്കാടിന്റെ തീച്ചൂട് തുടരുന്നു. കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊടി താഴുമ്പോൾ പാലക്കാടൻ കാറ്റ് കുന്നംകുളത്തും വീശിയടിക്കുകയാണ്. മൂന്നാം ദിനമായ ഇന്നലെയും പാലക്കാടിന്റെ മുന്നേറ്റമായിരുന്നു. 65ാംസംസ്ഥാന സ്കൂള്‍ കായികമേളയുടെ അവസാന ദിനമായ ഇന്ന് അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി സ്വർണക്കിരീടത്തില്‍ പാലക്കാട്ടുകാര്‍ മുത്തമിടും.
18 സ്വർണം, 21 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെ 179 പോയിന്റുകളോടെയാണ് പാലക്കാട് സമ്പൂർണ ആധിപത്യം തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 11 സ്വർണം, 17 വെള്ളി, 14 വെങ്കലം ഉള്‍പ്പെടെ 131 പോയിന്റുകള്‍. മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 69 പോയിന്റുകൾ; 11 സ്വര്‍ണം, 3 വെള്ളി, 5 വെങ്കലം.
ഈ മേളയില്‍ ഇതുവരെ 4 മീറ്റ് റെക്കോര്‍ഡുകളാണ് സ്ഥാപിക്കപ്പെട്ടത്. ആതിഥേയ ജില്ലയായ തൃശൂരിന്റെ ആദ്യ സുവർണ നേട്ടത്തിനും ഇന്നലെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. സബ് ജൂനിയര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദികൃഷ്ണ ദിനേശാണ് സ്വർണം നേടിയത്.
സ്കൂളുകളില്‍ കടകശേരി ഐഡിയലും (43 പോയിന്റ്) കോതമംഗലം മാര്‍ ബേസിലും (38) ഇഞ്ചോടിഞ്ച് പൊരുതുന്നു. കുമരംപുത്തൂർ കെഎച്ച്എസ് (29) മൂന്നാമത്. അവസാന ദിനമായ ഇന്ന് 25 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
Be the first to comment