‘എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സമൂഹത്തിന് വിപത്താകും’; മദ്യത്തിന്റെ വില്പന കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ജനങ്ങളെ പറ്റിക്കുന്നു, പാലക്കാട്‌ രൂപത

എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക്‌ അനുമതി നൽകിയതിനെതിരെ വിമർശനവുമായി പാലക്കാട്‌ രൂപത. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കി. എലപ്പുള്ളിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കർഷകർ പട്ടിണിയിലാകും. മലമ്പുഴ ഡാമിൽ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. മദ്യത്തിന്റെ വില്പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിർമ്മാണമെന്ന് വ്യക്തമാണ്. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ചോദിച്ചു.

എലപ്പുളളിയിൽ വൻകിട മദ്യനി‍ർമ്മാണശാലക്ക് അനുമതി നൽകിയ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്കെതിരെ എതി‌ർപ്പ് ഉയർന്നിരുന്ന സാഹചര്യം ഉണ്ടായി. കൃഷി മന്ത്രി പി.പ്രസാദാണ് ഭക്ഷ്യധാന്യങ്ങൾ മദ്യോൽപാദനത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എതി‍ർത്ത് രംഗത്തുവന്നത്.
പി.പ്രസാദിൻെറ എതിർപ്പ് കണക്കിലെടുത്ത് അരി ഉപയോഗിക്കുന്നത് വിലക്കി ഉപയോഗ്യശൂന്യമായ അരി എന്നതിലേക്ക് ഭേദഗതി വരുത്തിയത്. പദ്ധതിക്ക് വെളളം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും മന്ത്രി പി. പ്രസാദ് ഉന്നയിച്ചിരുന്നു.

അതേസമയം, മദ്യനിർമ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി രംഗത്തുവന്നു. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും ഒയാസിസ് വ്യക്തമാക്കി. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് ഒയാസിസ് നല്കുന്ന വാഗ്ദാനം.

എലപ്പുള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന് പോലും ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ജില്ലാ സമ്മേളനത്തിലും പ്രതിനിധികൾ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കമ്പനി വരുന്നതിൽ എതിർപ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*