സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത; പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നത് തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 41.6°c ചൂട് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. ഇന്നും പാലക്കാട് 41°Cന് മുകളിൽ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച 41.8°c ചൂട് ആണ് പാലക്കാട് രേഖപ്പെടുത്തിയത്. ഒരാഴ്ചയായി ജില്ലയിൽ 41 ന് മുകളിലാണ് താപനില.

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വെതർ സ്റ്റേഷനുകളിൽ 44°c മുകളിൽ വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. മങ്കരയിൽ 44.6 °c, മലമ്പുഴ 43.7°c, പോത്തുണ്ടി 43 °c, കൊല്ലങ്കോട് 42.4°c എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ചൂട്’. ഉഷ്ണ തരംഗവും പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരുന്നു.

1987 ലും 41.8°c രേഖപെടുത്തിയിരുന്നു. 2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയ 41.9°c ആണ് 1951ന് ശേഷം സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. ചൂട് കാരണം വോട്ടിങ്ങിനിടെ 3 പേർ കുഴഞ്ഞ് വീണ് ജില്ലയിൽ മരിച്ചിരുന്നു. മാത്രമല്ല സൂര്യാതപവും നിർജലീകരണവും കാരണം മൂന്നുപേരും മരണപ്പെട്ടു. നിരവധി പേർക്ക് സൂര്യതാപവുമേറ്റിരുന്നു. സൂര്യതാപവും സൂര്യാഘാതവും പാലക്കാട് ജില്ലയിൽ ഏൽക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. വലിയ ജാഗ്രത നിർദേശമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പാലക്കാട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*