നെന്മാറ ഇരട്ടക്കൊല: നാട്ടുകാരുമായി അടുപ്പമില്ല, എപ്പോഴും സംശയം; പലരോടും പക; ദുരൂഹത നിറഞ്ഞ ചെന്താമര

പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര നയിച്ചത് ദുരൂഹത നിറ‍ഞ്ഞ ജീവിതം. എപ്പോഴും സംശയത്തോടെ ആളുകളോട് പെരുമാറുന്ന സ്വഭാവക്കാരനാണ് ചെന്താമരയെന്ന് നാട്ടുകാർ പറയുന്നു. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിലെത്തിലേക്ക് നയിച്ചത്. നാട്ടുകാരുമായി അടുപ്പമില്ലാത്ത ചെന്താമരയുടെ നീക്കങ്ങളെല്ലാം ദുരൂഹത നിറഞ്ഞതാണ്.

അയൽക്കാരെ എപ്പോഴും സംശയത്തോടെയാണ് ചെന്താമര നോക്കുന്നത്. പലരോടും പക. തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം മറ്റുള്ളവരെന്നാണ് ചെന്താമര എപ്പോഴും കരുതിയിരുന്നത്. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിന് പിന്നിൽ. ചെന്താമരയുടെ ഭാര്യയും കുട്ടികളും ഇയാളുടെ സ്വഭാവത്തിൽ സഹികെട്ട് പിരിഞ്ഞായിരുന്നു താമസം.

ഭാര്യയും മക്കളും പിരിഞ്ഞു പോയതിന് കാരണം സജിതയാണെന്നായിരുന്നു ചെന്താമരയുടെ സംശയം. ആ സമയം സുധാകരന് തിരുപ്പൂരിലായിരുന്നു ജോലി. സുധാകരന്റെയും സജിതയുടെയും മക്കൾ സ്കൂളിലും. ഈ സമയം നോക്കിയായിരുന്നു സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കൊലപാതകശേഷം ചെന്താമര മലമുകളിലെ കാട്ടിലൊളിച്ചു. തന്ത്രപരമായാണ് അന്ന് പൊലീസ് ചെന്താമരയെ പിടികൂടിയത്.

ചെന്താമരന്റെ പക എന്നിട്ടുമടങ്ങിയില്ല. ജാമ്യത്തിലിറങ്ങിയ പ്രതി ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. അവസരം കാത്തിരുന്ന് ഇന്ന് സുധാകരനെയും മീനാക്ഷിയേയും കൊലപ്പെടുത്തി. രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ചെന്താമര ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തും.

സജിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിയ്ക്കെയാണ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും കൊലപാതകം നടത്തിയത്. പ്രതി ചെന്താമരയ്ക്കെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിയുടെ ഭീഷണി കുടുംബത്തിന് നേരെ നിരന്തരം ഉണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നൽകിയിരുന്നതായി മകൾ അഖില പറയുന്നു. എന്നാൽ പൊലീസ് പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ചിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*